സ്വർണ്ണക്കടത്ത് ; മുഖ്യപ്രതി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി. കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തിയാണ് ബിജുമോഹൻ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങൽ. ഇന്നലെ ഹൈക്കോടതിയിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ തന്നെ ബിജു മോഹൻ ഇന്ന് കീഴ‍ടങ്ങുമെന്ന് അറിയിച്ചിരുന്നു. കീഴടങ്ങിയ ബിജുമോഹനെ ഡിആർഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വർണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. സ്വർണ്ണം കടത്തിയിരുന്നത് പിപിഎം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. പിപിഎം തിരുവനന്തപുരം ഷോറൂം മാനേജർ ഹക്കീമും ഡയറക്ടർമാരും ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായ് സ്ഥാപനത്തിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് പിടിയിലായ സെറീന മൊഴി നൽകിയിരുന്നു.

Advertisements

വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും

കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും. നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .കേരളത്തിൽ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ് അൽഫോൺസ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാൽ ഇതുവരെ കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

കൊച്ചി ബ്രോഡ്‍വേയിൽ വന്‍തീപിടിത്തം

കൊച്ചിയില്‍ വന്‍തീപിടിത്തം. ബ്രോഡ്‍വേയിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. പ്രദേശത്ത് കനത്ത പുക ഉയരുകയാണ്. ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം ആരംഭിച്ചു.ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. തുണിത്തരങ്ങൾ മാത്രം ലഭിക്കുന്ന ഇടമെന്നിരിക്കെ തീ പടർന്ന് പിടിക്കാമുള്ള സാധ്യത ഏറെയാണ്.എന്നാൽ രണ്ട് കടകളിലേക്ക് കൂടി തീ പടർന്ന് പിടിച്ചിട്ടുണ്ട്. പരിസരത്തെ കടകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ ശക്തമാക്കി ഫേസ് ബുക്ക്

വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ ശക്തമാക്കി ഫേസ് ബുക്ക് . ആറ് മാസത്തിനിടെ ഫേസ് ബുക്ക് നീക്കം ചെയ്തത് 300 കോടിയില്‍ അധികം വ്യാജ അക്കൗണ്ടുകളാണ് .
ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഫേസ് ബുക്കിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു . ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം .
വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതും അക്രമാസക്തമായ ഉള്ളടക്കമുള്ളതുമായ പോസ്റ്റുകളും ഫോട്ടോകളും തീവ്രവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഫോട്ടോകളും പ്രചരിപ്പിച്ച അക്കൗണ്ടുകളുമാണ് ഫേസ് ബുക്ക് നീക്കം ചെയ്തിട്ടുള്ളത് .
അമേരിക്കന്‍ സെനറ്റ് കമ്മറ്റിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത വിവരം ഫേസ് ബുക്ക് അറിയിച്ചത് . തീവ്രവാദവുമായി ബന്ധപ്പെട്ടതും അക്രമവും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ , ഫോട്ടോകള്‍ എന്നിവ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്ക് എതിരെയുള്ള നടപടികള്‍ ശക്തമായി തന്നെ മുന്നോട്ട് പോാകാനാണ് ഫേസ്ബുക്കിന്റെ തീരുമാനം .

തെരഞ്ഞെടുപ്പു വിജയത്തിൽ നരേന്ദ്രമോദിയെ അഭിനന്ദിച്ച് പിണറായി വിജയൻ

 

തെരഞ്ഞെടുപ്പു വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തിൻറെയും രാജ്യത്തിൻറെയും ഉത്തമതാല്പര്യത്തിനു വേണ്ടി അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്.

രാഹുലിനെതിരെ സരിത നായർ കോടതിയിലേക്ക് ..

രാഹുലിന്‍റെ വയനാട്ടിലെ റെക്കോഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. അമേഠിയില്‍  തന്‍റെ പത്രിക യാതോരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്. തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം. ഹൈക്കോടതിയിലാണ് കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുക. രാഹുലിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം.രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തില്‍ കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചത്. 431770 വോട്ട് ഭൂരിപക്ഷത്തിലാണ് രാഹുലിന്‍റെ മിന്നും വിജയം.

വിജയത്തിൽ മോദിയുടെ ആദ്യ പ്രതികരണം ഇങ്ങനെ.. 26ന് പുതിയ സർക്കാർ ?

ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വെല്ലുവിളികളില്ലാതെ വൻ വിജയം നേടി എൻഡിഎ കുതിപ്പ് തുടരുകയാണ്. അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷവും ബിജെപി മറികടന്ന സാഹചര്യത്തിലാണ് മോദി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.”ഒന്നിച്ചുവളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇതാണ് മോദിയുടെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചിന് പാര്‍ട്ടി ആസ്ഥാനത്തെത്തും. ബി.ജെ പി ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഞ്ചരയ്ക്ക് ചേരും. 26ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന.

രാജി സമർപ്പിക്കാൻ ഒരുങ്ങി ചന്ദ്രബാബു നായിഡു

ഒരുകാലത്തെ പൊളിറ്റിക്കൽ കിംഗ് മേക്കർ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നു. തന്റെ പരാജയം ഏറെക്കുറെ മനസിലാക്കിയ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നത്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ എസ്ആർസിപിയുടെ വിജയ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. 145 സീറ്റുകളിലാണ് വൈഎസ്ആർസിപി ലീഡ് ചെയ്യുന്നത്. ടിഡിപി 29 സീറ്റിലും മറ്റുള്ളവർ 1 സീറ്റിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യഘട്ടം മുതൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി ഒരു ഘട്ടത്തിൽ പോലും മുന്നിട്ടുനിന്നിരുന്നില്ല. കുപ്പം മണ്ഡലത്തിൽ ടി.ഡി.പി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു വൈഎസ്ആർപി സ്ഥാനാർത്ഥി ചന്ദ്രമൗലിയേക്കാൾ ഏറെ വോട്ടുകൾക്ക് പിന്നിലാണ്.

ഇക്കുറി അക്കൗണ്ട് തുറക്കാനാകാതെ ബിജെപി

കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കാനാവാതെ ബിജെപി നേതൃത്വം. വോട്ടെണ്ണി തുടങ്ങിയപ്പോൾ ആദ്യമെത്തിയ ലീഡ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയായ കുമ്മനം രാജശേഖരന്റേതായിരുന്നു. എന്നാൽ പിന്നീട് യുഡിഎഫ് തരംഗം കേരളത്തില്‍ ‍ആഞ്ഞ് വീശിയതോടെ കുമ്മനത്തിന്റേത് രണ്ടാംസ്ഥാനമായി. കുമ്മനത്തിന് മുന്നേറ്റം പ്രതീക്ഷിച്ച മിക്കയിടങ്ങളിലും അതുണ്ടായില്ല. മിന്നുന്ന വിജയം നേടിയ ദേശീയ നേതൃത്വത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന നേതൃത്വം പാടുപെടും.ശബരിമല വിഷയം ബിജെപിക്ക് വലിയ പിന്തുണ നൽകുമെന്ന് കരുതിയ പത്തനം തിട്ടയിലും കെസുരേന്ദ്രന് മൂന്നാമതെതെത്താനേ കഴിഞ്ഞുള്ളൂ.

ശബരിമല വിഷയം എൽ ഡി എഫിന്‍റെ പരാജയകാരണമല്ല ; ബിന്ദു തങ്കം കല്യാണി

എൽഡിഎഫിന്‍റെ ചരിത്രത്തിലെ ദയനീയമായ തിരിച്ചടിയാണ് ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. ശബരിമല വിഷയത്തിൽ സർക്കാരെടുത്ത നിലപാടുകളും സ്ത്രീകളെ പ്രവേശിപ്പിച്ചതുമാണ് എൽഡിഎഫിന് തിരിച്ചടിയായതെന്ന് സമൂഹമാധ്യമത്തിൽ ഒരു വിഭാഗം ആണയിടുന്നു.എന്നാൽ ബരിമല ഈ തിരഞ്ഞെടുപ്പിൽ വിഷയമായിട്ടില്ല എന്നു തന്നെയാണ് തന്റെ നിഗമനമെന്ന്   ശബരിമല കയറിയ യുവതി ബിന്ദു തങ്കം കല്യാണി.അങ്ങനെയാണെങ്കിൽ ഏറ്റവുമധികം പ്രശ്നങ്ങളുണ്ടായ പത്തനംതിട്ടയിൽ എങ്കിലും ബി.ജെ.പിക്ക് ഫലം അനുകൂലമാകണമായിരുന്നെന്നും ബിന്ദു.മോദി വിരുദ്ധതരംഗമാണ് ശബരിമലയേക്കാൾ മുന്നിട്ട് നിൽക്കുന്നത്. അതാണ് യുഡിഎഫിന് ഗുണം ചെയ്തത്.അതാണ് യുഡിഎഫിന് ഗുണം ചെയ്തത്. അമിത്ഷായുടെയും നരേന്ദ്രമോദിയുടെയുമൊക്കെ കേരളത്തിലേക്കുള്ള വരവ് ന്യൂനനപക്ഷങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. അവരാണ് യുഡിഎഫിന് അനുകൂലമായി നിന്നത്.