കനത്ത മഴ; വീടുകള്‍ വെള്ളത്തില്‍

കണ്ണൂർ: അതീതീവ്ര മഴയുടെ കണക്ക് (റെഡ് അലർട്ട്) തെറ്റിക്കാതെ ജില്ലയിൽ തിങ്കളാഴ്ച പെയ്തത് കനത്ത മഴ. പുഴയും തോടും കരകവിഞ്ഞൊഴുകിയപ്പോൾ ദേശീയപാതയിലടക്കം റോഡ് വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച രാത്രി മഴ കുറവായിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെമുതൽ കനത്തമഴയാണ് പെയ്തത്. 80.43 മില്ലീമീറ്ററാണ് രാത്രിമഴയുടെ ശരാശരി കണക്ക്. കണ്ണൂർ താലൂക്കിൽ 67.7-ഉും തളിപ്പറമ്പിൽ 92-ഉും തലശ്ശേരിയിൽ 80.43 മില്ലീമീറ്ററും പെയ്തു. പയ്യന്നൂർ കുഞ്ഞിമംഗലത്ത് യുവാവ് വെള്ളത്തിൽവീണ്‌ മരിച്ചു.കാനാമ്പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ദേശീയപാതയിൽ പള്ളിക്കുളം റോഡും വെള്ളത്തിലായി. അരയോളം വെള്ളമായപ്പോൾ വാഹനങ്ങൾ റോഡ് ഉപേക്ഷിച്ചു. നാട്ടുകാർ വളരെ ശ്രദ്ധിച്ചാറോഡിലൂടെ നടക്കുന്നത്. താവക്കര ജി.യു.പി. സ്കൂളിലെ ക്യാമ്പിൽ താമസിക്കുന്നവർക്ക് വെള്ളം താഴാത്തതിനാൽ തിരിച്ചുപോകാൻ പറ്റിയില്ല.

Advertisements

ആറളത്ത് മണ്ണിടിച്ചിലിൽ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകർന്നു

കനത്ത മഴ മലയോരത്ത് ജനജീവിതത്തെ ബാധിച്ചു. കാലവർഷം ആരംഭിച്ചതിനുശേഷമുള്ള ശക്തമായ മഴയാണ് തിങ്കളാഴ്ച മേഖലയിൽ ലഭിച്ചത്. അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിൽ മഴയിൽ വീട് ഇടിഞ്ഞുവീണു. ആറളത്ത് മണ്ണിടിച്ചിലിൽ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകർന്നു. പലയിടങ്ങളിലും വെള്ളം കയറി.ഉരുപ്പുംകുറ്റി ഞെട്ടിത്തോടെ വെള്ളാരംപറമ്പിൽ ശശിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രി പൂർണമായും ഇടിഞ്ഞുവീണത്. മണ്ണ് വീഴുന്നതുകണ്ട് വീട്ടുകാർ പുറത്തേക്കിറങ്ങുന്ന സമയത്ത് അടുക്കളഭാഗം ആദ്യം തകർന്നു. പിന്നീട് ബാക്കി ഭാഗവും ഇടിഞ്ഞുവീണു. ഇതിനകം കുടുംബാംഗങ്ങൾ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ശശിയുടെ ഭാര്യ വത്സ, മകൻ ഷിജോ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്്‌ ഷീജാ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടിയിൽ, പഞ്ചായത്തംഗം പ്രിയ കെ.ജോൺ, റവന്യൂ അധികൃതർ തുടങ്ങിയവർ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിച്ചു. ആറളം പഞ്ചായത്ത് ഓഫീസിന് സമീപപമാണ് മണ്ണിടിച്ചിലുണ്ടായത്. ഓഫീസിനു പിറകുവശത്തെ കുന്നിൽ സ്ഥാപിച്ച എടൂർ കുടിവെള്ളപദ്ധതിയുടെ ടാങ്കാണ് പൂർണമായും നശിച്ചത്. സമീപത്തെ ജലനിധിയുടെ കൂറ്റൻ ടാങ്കും അപകടഭീഷണിയിലാണ്. വാഹനങ്ങൾ നിർത്തിയിടാൻ അശാസ്ത്രീയമായി കുന്ന് ചെത്തി ഇറക്കിയതാണ് മണ്ണിടിച്ചിലിന് കാരണമായത്.അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ടാങ്ക് കമിഴ്ന്നുകിടക്കുന്ന നിലയിലാണുള്ളത്.

കാലവര്‍ഷം: കണ്ണൂര്‍ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിക്ക് നിര്‍ദേശം

കണ്ണൂര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളാന്‍ ഇതുസംബന്ധിച്ച്‌ കലക്ടറുടെ ചേംബറില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം നിര്‍ദേശം നല്‍കി.കണ്ണൂര്‍ നഗരത്തില്‍ കോര്‍പ്പര്‍േഷന്റെ ഡ്രെയിനേജുകള്‍ മഴക്ക് മുമ്ബ് തന്നെ വൃത്തിയാക്കി വെള്ളമൊഴുകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കിയിരുന്നതായി മേയര്‍ ഇ പി ലത പറഞ്ഞു. എന്നാല്‍ റെയില്‍വെയുടെയും സര്‍വ്വകലാശാലയുടെയും സ്ഥലങ്ങളിലെ ഡ്രെയിനേജ് തടസ്സപ്പെട്ടതാണ് നഗരത്തില്‍ വെള്ളക്കെട്ടിന് ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു. പടന്നപ്പാലം, മഞ്ചപ്പാലം എന്നിവിടങ്ങളില്‍ കോര്‍പ്പറേഷന്‍ തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഡ്രെയിനേജുകള്‍ വൃത്തിയാക്കിയതായും മേയര്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വ്വകലാശാലയും റെയില്‍വെ അധികൃതരും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ സ്ഥലത്ത്കൂടെയുള്ള ഡ്രെയിനേജില്‍ ഒഴുക്ക് തടസ്സപ്പെട്ടതാണ് സമീപ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമെന്നും വെള്ളം ഒഴുക്കാന്‍ ഡ്രെയിനേജിലെ മണ്ണ് മാറ്റണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. റെയില്‍വെയുടെ സ്ഥലത്തെ ഡ്രെയിനേജ് അടഞ്ഞതാണ് പഴയ ബസ്സ്‌സ്റ്റാന്‍ിനടുത്തെ അണ്ടര്‍ പാസില്‍ വെള്ളം നിറയാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.ഈ കാര്യങ്ങളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി നടത്തണമെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. ഇതിനായി റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. കോര്‍പ്പറേഷന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതിനിധികളുമായി ആലോചിച്ച്‌ എത്രയും വേഗം ഈ പ്രവൃത്തി നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു.സര്‍വ്വകലാശാല, റെയില്‍വെ, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, റവന്യു, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ അടങ്ങിയ സംഘം ഈ സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തി. ആവശ്യമായ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. താല്‍ക്കാലിക പരിഹാരത്തിനുള്ള നടപടികള്‍ക്കൊപ്പം ശാശ്വത പരിഹാരത്തിനാശ്യമായ നിര്‍ദേശവും സംയുക്ത പരിശോധനയുടെ ഭാഗമായി രൂപീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു.യോഗത്തിന്റെ തീരുമാന പ്രകാരം സര്‍വ്വകലാശാല, അണ്ടര്‍പാസ് പ്രദേശങ്ങള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ സന്ദര്‍ശിച്ചു. സംയുക്ത സംഘവും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ പരിശോധന നടത്തി.

കണ്ണാടിപറമ്പിൽ വൻ കവർച്ച

കണ്ണാടിപ്പറമ്പ്: കണ്ണാടിപറമ്പിൽ വൻ കവർച്ച. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു സമീപത്ത് താമസിക്കുന്ന ലക്ഷ്മി വിലാസത്തിൽ രാമനന്ദ വാര്യരുടെ വീട്ടിലാണ് ഇന്ന് പുലർച്ചേ കള്ളൻ കയറിയത് ( 23.7.19) വീടിന്റെ പുറക് വശത്തെ ഗ്രില്ലിന്റെ പൂട്ടും അടുക്കള വാതിലും തകർത്താണ് മോഷണം നടന്നത്. അമ്മയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിന്നുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം സ്വർണവും പതിനായിരത്തോളം രൂപയും നഷ്ടമായി. മയ്യിൽ പോലീസ് സംഭവസ്ഥലം പരിശോധന നടത്തി.

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കെഎസ്‌യു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതിലും സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ കണ്ണീര്‍വാതകം എറിഞ്ഞതിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ നിരാഹാര സമരത്തിലായിരുന്ന കെഎസ്‌യു നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്‌യു നേതാക്കള്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചു

കഴിഞ്ഞ 14 ന് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചു . ഉച്ചക്ക് 2.43ന് സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്‌.നേരത്തേ ഹീലിയം ടാങ്കിലെ ചോര്‍ച്ചയായിരുന്നു ക്രയോജനിക് എന്‍ജിനിലേക്ക് ഇന്ധനം എത്താതിതിരിക്കാനും വിക്ഷേപണം മാറ്റാനുമുണ്ടായ കാരണം.മൂന്ന് ഘട്ടങ്ങളില്‍ ആദ്യത്തെ ദ്രവ ഇന്ധനഘട്ടമായ എല്‍ 110ലും രണ്ടാമത്തെ ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ഇന്ന് ഇന്ധനം നിറച്ചത്‌ .വലിയ സോളിഡ് ബൂസ്റ്ററുകളിലൊന്നായ എസ് 200 ആണ് ആദ്യ ഘട്ടത്തില്‍ സ്ട്രാപ്പോണ്‍സായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ജ്വലനത്തോടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 പറന്നുയര്‍ന്നു. 16 മിനിറ്റില്‍ ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും.48 ദിവസംകൊണ്ട് ചന്ദ്രോപരിതലത്തിലെത്താനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്.വിക്ഷേപണം കാണാന്‍ 7500ഓളം പേര്‍ എത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമൊരുക്കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ രണ്ടുമണിക്കൂറിനം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു.

തളിപ്പറമ്പ് വനിതാ പോലീസിന്റെ വീട്ടില്‍ മോഷണം : എട്ട് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി

തളിപ്പറമ്പ് : വനിതാ പോലീസിന്റെ വീട്ടില്‍ മോഷണം, എട്ട് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ധന്യ മോളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒരാഴ്ച മുമ്പാണ് കവര്‍ച്ച നടന്നത്.വീട്ടിലെ വേലക്കാരിയാണ് കവര്‍ച്ച നടത്തിയതെന്ന സംശയത്താല്‍ പരാതി നല്‍കിയിരുന്നില്ല. ഇതേ വരെ തിരിച്ചു കിട്ടാത്ത സാഹചര്യത്തിലാണ് ധന്യ മോള്‍ ഞാറാഴ്ച്ച പരാതി നല്‍കിയത്. പേലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

യൂണിവേഴ്സിറ്റി കോളേജ് സംഭവം ; യൂത്ത് കോണ്‍ഗ്രസ് – കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ നടത്തിയ അക്രമസംഭവത്തിലും പ്രതികളുടെ പിഎസ്.സി നിയമന തട്ടിപ്പ് ആരോപണത്തിലും പ്രതിഷേധിച്ച്‌ തലസ്ഥാനത്ത് രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭൂമിയായിരിക്കുകയാണ്. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി ഉപയോഗിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും നടത്തി. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞിരുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.തുടക്കത്തില്‍ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു. അതേസമയം നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയാണ്.

DYFl മോറാഴ മേഖലാ കമ്മറ്റി അംഗവും CPIM പാളിയത്ത് വളപ്പ് ബ്രാഞ്ച് അംഗവുമായ പാളിയത്ത് വളപ്പിലെ രജീഷ് (29) നിര്യാതനായി

മോറാഴ:പാളിയത്ത് വളപ്പിലെ രജീഷ് (29) നിര്യാതനായി.CPIM പാളിയത്ത് വളപ്പ് ബ്രാഞ്ച് അംഗം, DYFl മോറാഴ മേഖലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവൃത്തിക്കുന്നു. പരേതനായ അടൂർ പുരുഷോത്തമന്റെയും പുഷ്പവല്ലിയുടെയും മകനാണ് . സഹോദരങ്ങൾ രൂപേഷ്, രേഷ്മ (മഞ്ചു), ഹരീഷ്. തിങ്കളാഴ്ച്ച രാവിലെ 11. ന് മൊറാഴ കർഷക വായനശാല (പാളയത്ത് വളപ്പ്) പൊതുദർശനത്തിന് ശേഷം 11:30 ന് സംസ്കാരം പാളയത്ത് വളപ്പ് ശമ്ശാനത്തിൽ സംസ്കരിച്ചു.