ഫേസ്ബുക്ക് പ്രണയം; പ്രവാസിയെ തേടി പ്ലസ് ടു വിദ്യാര്‍ഥിനി കണ്ണൂരിലെത്തി

ചെറുകുന്ന്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായുണ്ടായ പ്രണയത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി കണ്ണൂരിലെത്തി. കഴിഞ്ഞദിവസം കണ്ണപുരത്തെത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു.

കഴിഞ്ഞദിവസം രാവിലെയാണ് കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി കണ്ണൂരെത്തിയത്. എന്നാല്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കണ്ണൂര്‍ക്കാരനായ യുവാവ് പ്രവാസിയാണെന്നറിഞ്ഞതോടെ ബെംഗളുരുവിലേക്ക് പോകാനായിരുന്നു വിദ്യാര്‍ഥിനിയുടെ തീരുമാനം.

ബെംഗളുരുവിലേക്കുള്ള വഴിയന്വേഷിച്ചെത്തിയത് കണ്ണപുരത്തെ റംസീനയുടെ അടുത്തായിരുന്നു. കുട്ടിയോട് കാര്യങ്ങളാരാഞ്ഞപ്പോഴാണ് കുട്ടി ചതിക്കുഴിയില്‍ വീണതാണെന്ന് റംസീനയ്ക്കു മനസ്സിലായത്.

സ്വന്തം വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ച കുട്ടിയെ റംസീന തന്ത്രപൂര്‍വം കണ്ണപുരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എസ്.ഐ. ടി.വി. ധനഞ്ജയദാസിനോട് റംസീന കാര്യങ്ങള്‍ വിശദീകരിച്ചു.

എസ്.ഐ. കുട്ടിയുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനുശേഷം കോഴിക്കോട് പോലീസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു.

തുടര്‍ന്ന് ഞായറാഴ്ച രാത്രി 11 മണിയോടെ കുട്ടിയെയുംകൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്തു. കുട്ടിയുടെ കൈയില്‍ 200 രൂപയാണുണ്ടായിരുന്നത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ബന്ധത്തില്‍ രക്ഷിതാക്കള്‍ കുട്ടിക്കെതിരെ തിരിഞ്ഞതാണ് കുട്ടിയെ വീടുവീട്ട് കണ്ണൂരെത്താന്‍ പ്രേരിപ്പിച്ചത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.