ശത്രുപാളയത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോയും ശബ്ദവും പുറത്തുവിട്ട് പാകിസ്ഥാന്‍

ന്യൂഡല്‍ഹി : ശത്രുപാളയത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോയും ശബ്ദവും പുറത്തുവിട്ട് പാകിസ്ഥാന്‍. പാകിസ്ഥാന്റെ ചോദ്യം ചെയ്യലില്‍ ഒട്ടും പതറാതെ ഉത്തരം പറയുന്ന അഭിനന്ദന്റെ വീഡിയോ ആണ് പാകിസ്ഥാന്‍ പുറത്തുവിട്ടിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നു പുറത്തു വരുന്ന വിവിധ വിഡിയോ ദൃശ്യങ്ങളില്‍ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവുമാണെന്ന് വ്യക്തം.
ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണു പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇന്നലെ വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നുകയറിയത്. അവയെ തടയാന്‍ അവന്തിപ്പുര വ്യോമതാവളത്തില്‍ നിന്ന് അഭിനന്ദനുള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ് മിഗ് 21ല്‍ പുറപ്പെട്ടത്.

ഇന്ത്യന്‍ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടര്‍ന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടര്‍ന്ന് നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടന്‍ സ്വയം ഇജക്‌ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിച്ചുവെന്നാണ് ഇതു സംബന്ധിച്ചു പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.
ക്ഷമിക്കൂ! എല്ലാം പറയാനാവില്ല
മേജര്‍: എന്താണ് പേര്?
അഭിനന്ദന്‍: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍
മേജര്‍: താങ്കളോടു ഞങ്ങള്‍ മാന്യമായാണു പെരുമാറിയതെന്നു കരുതുന്നു?
അഭിനന്ദന്‍: അതേ. ഇക്കാര്യം ഞാന്‍ ശരിവയ്ക്കുന്നു. എന്റെ രാജ്യത്തു മടങ്ങിപ്പോകാന്‍ സാധിച്ചാലും ഇതു ഞാന്‍ മാറ്റിപ്പറയില്ല. പാക്കിസ്ഥാന്‍ സേനയിലെ ഓഫിസര്‍മാര്‍ എന്നോടു നന്നായാണു പെരുമാറിയത്. എന്നെ പ്രദേശവാസികളില്‍ നിന്നു രക്ഷിച്ച ക്യാപ്റ്റന്‍ മുതല്‍ ചോദ്യം ചെയ്തവര്‍ വരെ മാന്യമായാണു പെരുമാറിയത്. പാക്ക് സേനയുടെ പെരുമാറ്റത്തില്‍ ഞാന്‍ സന്തുഷ്ടനാണ
മേജര്‍: താങ്കള്‍ ഇന്ത്യയില്‍ എവിടെ നിന്നാണ്.
അഭിനന്ദന്‍: അക്കാര്യം ഞാന്‍ താങ്കളോടു പറയേണ്ടതുണ്ടോ? ഞാന്‍ തെക്കന്‍ മേഖലയില്‍ നിന്നുള്ളയാളാണ്.
മേജര്‍: താങ്കള്‍ വിവാഹിതനാണോ?
അഭിനന്ദന്‍: അതേ.
മേജര്‍: താങ്കള്‍ക്കു ചായ ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു.
അഭിനന്ദന്‍: അതേ. നന്ദി.
മേജര്‍: ഏത് വിമാനമാണ് താങ്കള്‍ പറത്തിയിരുന്നത്?
അഭിനന്ദന്‍: ക്ഷമിക്കൂ മേജര്‍. അക്കാര്യം ഞാന്‍ താങ്കളോടു പറയില്ല. തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗങ്ങള്‍ താങ്കള്‍ ഇതിനകം കണ്ടെത്തിയിരിക്കുമല്ലോ?
മേജര്‍: എന്തായിരുന്നു താങ്കളുടെ ദൗത്യം?
അഭിനന്ദന്‍: അക്കാര്യം താങ്കളോടു പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല. ഇങ്ങനെ പറഞ്ഞാണ് ഏതാനും മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോ അവസാനിയ്ക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: