വിദേശത്തുനിന്ന് അപേക്ഷിക്കുന്നവര്‍ക്കും ഫോട്ടോ പതിച്ച പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുവാന്‍ സൗകര്യമൊരുക്കി

ഇ-മെയില്‍ വഴി  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റാണ് നല്‍കി വന്നിരുന്നത്. എന്നാല്‍ ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റ്  ചിലയിടങ്ങളില്‍ സ്വീകരിക്കുന്നില്ല എന്ന് ഫേസ്ബുക്ക്, ഇമെയില്‍, ഫോണ്‍, കത്ത് മുഖേന നിരവധിപ്പേര്‍ അറിയിക്കുകയും ഫോട്ടോ പതിച്ച പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യ്ത പശ്ചാത്തലത്തില്‍ യു.എ.ഇ. വിസയ്ക്കായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനിമുതല്‍ താഴെപ്പറയുന്ന വ്യവസ്ഥകളില്‍മേല്‍ ഫോട്ടോ പതിച്ച് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

1.  യു.എ.ഇ. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍  ഇപ്പോഴുള്ള സാധുവായ പാസ്‌പോര്‍ട്ടിന്റെ ആദ്യപേജില്‍ പതിച്ചിരിക്കുന്ന അതേ ഫോട്ടോയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിച്ച് നല്‍കുന്നതിനുവേണ്ടി ഹാജരാക്കുന്നതെങ്കില്‍ ഈ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജിന്റെ ഒരു കളര്‍ ഫോട്ടോ കോപ്പി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി സീലും ഒപ്പും പതിച്ച് ഈ രേഖയോടൊപ്പം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി വ്യക്തമായി പൂരിപ്പിച്ച അപേക്ഷയും പ്രസ്തുത ഫോട്ടോയുടെ മൂന്നു കോപ്പിയും കൊറിയര്‍ ആയോ തപാലായോ ബന്ധപ്പെട്ട എസ് എച്ച് ഒ യ്ക്ക് ലഭ്യമാക്കണം.

2.  അപേക്ഷകന്റെ പാസ്‌പോര്‍ട്ടിലെ ഫോട്ടോയും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിയ്ക്കുന്നതിനുവേണ്ടി ഹാജരാക്കുന്ന ഫോട്ടോയും വ്യത്യസ്തമാണെങ്കില്‍ ഹാജരാക്കുന്ന ഫോട്ടോ പതിച്ച് അപേക്ഷകന്റെ പേര്, വിലാസം, പാസ്‌പോര്‍ട്ടിന്റെ  നമ്പര്‍, കാലാവധി മറ്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി ഒറിജിനല്‍ രേഖയും ഹാജരാക്കണം. ഇതോടൊപ്പം പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജിന്റെ ഒരു കളര്‍ കോപ്പിയും (ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍  സാക്ഷ്യപ്പെടുത്തിയത) വ്യക്തമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം കൊറിയര്‍ ആയോ തപാലായോ ബന്ധപ്പെട്ട
എസ് എച്ച് ഒ യ്ക്ക് ലഭിച്ചിരിക്കണം.

3.  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി അപേക്ഷകന്‍ അധികാരപ്പെടുത്തുന്ന ആളിന്റെ പേരും മറ്റ് അനുബന്ധ വിവരങ്ങളും
എസ് എച്ച് ഒ യ്ക്ക് നല്‍കുന്ന അപേക്ഷയോടൊപ്പം ഹാജരാക്കിയിരിക്കണം. അപേക്ഷ അയച്ചതിനുശേഷം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ചുമതലപ്പെട്ടയാള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട എസ് എച്ച് ഒ യെ നേരില്‍ ബന്ധപ്പെടേണ്ടതാണ്.

മേല്‍പ്പറഞ്ഞ പ്രകാരമുള്ള അപേക്ഷ എസ് എച്ച് ഒ യ്ക്ക് ലഭ്യമാകുന്ന മുറയ്ക്ക് നിശ്ചിത ഫീസ് 500 രൂപ ഒടുക്കണം.  ആവശ്യമായ പരിശോധനകള്‍ക്കുശേഷം അപേക്ഷകന്‍ ചുമതലപ്പെടുത്തിയയാളെ എസ് എച്ച് ഒ തിരിച്ചറിഞ്ഞ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.

 മേല്‍പ്പറഞ്ഞ രീതിയിലല്ലാതെ അപേക്ഷ മാത്രം സ്‌കാന്‍ ചെയ്ത് ഇമെയിലില്‍ അയയ്ക്കുന്നവര്‍ക്ക് നേരത്തെയുള്ളതുപോലെ ഫോട്ടോ പതിക്കാത്ത പി.സി.സി. നല്കുന്നതാണ്. ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റ് മതിയെന്നുള്ളവര്‍ക്ക് ഈ മാര്‍ഗത്തിലും അപേക്ഷിക്കാവുന്നതാണ്.

ഫ്ലാഷ്ഫ്ലാസുകൾലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: