ഡോ എപിജെ അബ്ദുള്‍ കലാം പുരസ്‌കാരം മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക്

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ഏര്‍പ്പെടുത്തിയ ഡോ എപിജെ അബ്ദുള്‍ കലാം പുരസ്‌കാരം ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ലഭിച്ചു. ഓട്ടിസം ഉള്‍പ്പെടെ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കുന്നവരുടെ ഉന്നമനം, പുനരധിവാസം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

സാമൂഹ്യനീതി വകുപ്പില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന ആരംഭിച്ചിട്ടുള്ള അനുയാത്ര പദ്ധതി, ഓട്ടിസം ബാധിച്ച കുട്ടികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച എംപവര്‍ ടീം, എല്ലാ ജില്ലകളിലും മൂന്നു കോടി രൂപ വീതം അനുവദിച്ച് ആരംഭിക്കുന്ന ജില്ലാ പ്രാരംഭ കണ്ടെത്തല്‍ കേന്ദ്രങ്ങള്‍ (ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍), സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച മൊബൈല്‍ യൂണിറ്റുകള്‍ (ഈ യൂണിറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷന്‍ തെറാപ്പിസ്റ്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി) തുടങ്ങിയ പദ്ധതികള്‍ ഏറെ പ്രയോജനം ചെയ്തുവെന്നതിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. ഇതോടൊപ്പം ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള ഓട്ടിസം സ്‌പെക്ട്രം പദ്ധതി നടപ്പിലാക്കുന്നതിന് 3,55,16,600 രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു.

ഓട്ടിസം മേഖലയ്ക്കകത്തുള്ള പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ചുകൊണ്ട് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്രയുടെ ഭാഗമായി ഉപ പദ്ധതിയായാണ് സ്‌പെക്ട്രത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. ഘട്ടം ഘട്ടമായിട്ടാണ് സ്‌പെക്ട്രം പദ്ധതി നടപ്പിലാക്കുന്നത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.