കച്ചവടക്കാർ റോഡ് കൈയ്യേറിയതിൽ കൊളച്ചേരി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചേലേരിമുക്കിലെ താലൂക്ക് സർവ്വേ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനോ?

ചേലേരിമുക്കിൽ കച്ചവടക്കാർ റോഡ് കൈയ്യേറിയതിൽ നടക്കുന്ന താലൂക്ക് സർവ്വേ നടത്തുന്നത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്ന് ആരോപണം. കൊളച്ചേരി മുക്കില്‍ നിന്നും ചേലേരി മുക്കിലേക്കുള്ള റോഡില്‍ പത്തു മീറ്റര്‍ വീതിയില്‍ മെക്കാടം ടാറിംഗ് നടത്തിയിരുന്നു. എന്നാല്‍ വില്ലേജ് ജംക്ഷന്‍ മുതല്‍ ചേലേരി മുക്ക് വരെയുള്ള സ്ഥലത്ത് റോഡിനു വീതി കുറഞ്ഞതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വില്ലേജ് സര്‍വേയര്‍ സര്‍വേ നടത്തുന്നത്. പ്രത്യക്ഷത്തില്‍ തന്നെ റോഡ്‌ കയ്യേറ്റം ഏതൊരാള്‍ക്കും ബോധ്യമാവുന്ന ഇവിടെ പഞ്ചായത്തിന്‍റെ അനുമതിയോടെ തന്നെ വര്‍ഷങ്ങളായി റോഡും ഫുട്പാത്തും കയ്യേറി കച്ചവടം ചെയ്തിട്ടും നടപടി എടുക്കാതിരുന്ന പഞ്ചായത്ത് ഇപ്പോള്‍ എന്തിന് സര്‍വെയുമായി വന്നു എന്നാണു നാട്ടുകാരുടെ ചോദ്യം.  വില്ലേജ് ജംക്ഷന്‍ മുതല്‍ ചേലേരി മുക്ക് വരെയുള്ള സ്ഥലത്ത് നിലവിൽ ഏഴ് മീറ്റർ പോലുമില്ലാത്ത റോഡിൽ ഇരുഭാഗത്തും ഓവ് ചാൽ നിർമ്മിച്ചതും പഞ്ചായത്തിന്‍റെയും  വില്ലേജിന്‍റെയും ഒത്താശയോടെയാണോ എന്നും നാട്ടുകാർ ചോദിക്കുന്നു. വർഷങ്ങളായി റോഡ് കൈയ്യേറി കച്ചവടം ചെയ്യുന്ന, ചേലേരിമുക്കിൽ തന്നെയുള്ള ബേക്കറി, പഴം പച്ചക്കറിക്കട തുടങ്ങിയവക്കെതിരെ വാർഡ് മെമ്പർ ചന്ദ്രഭാനു നൽകിയ പരാതി പോലും പരിഗണിച്ചില്ലെന്ന്‍ മെമ്പര്‍ ‘കണ്ണൂര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനിനോട്’ പറഞ്ഞു. ഇവര്‍ക്കെതിരെ ഇത് വരെ ഒരു നോട്ടീസ് പോലും നൽകാൻ പഞ്ചായത്ത് തയ്യാറായോ എന്ന ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ റിപ്പോർട്ടറുടെ ചോദ്യത്തിന് “വെള്ളം കുടിപ്പിക്കുന്ന ചോദ്യം ചോദിക്കല്ല” എന്ന മറുപടിയാണ് ലഭിച്ചത്. ഇവർക്കൊക്കെ പഞ്ചായത്ത് വർഷാ വർഷം ലൈസൻസ് പുതുക്കി നൽകുകയും ചെയ്യുന്നുണ്ട്. ചേലേരി മുക്കിൽത്തന്നെ സ്ഥിതി ചെയ്യുന്ന കോൺഗ്രസ് മന്ദിരം പുതുക്കി പണിയുന്നത് പോലും പഞ്ചായത്ത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പാർട്ടി പ്രവർത്തകർക്ക് തന്നെ അഭിപ്രായമുണ്ട്. ഇതൊക്കെയും പഞ്ചായത്തിന്റേയും വില്ലേജ് അധികൃതരുടേയും ഒത്താശയോടെത്തന്നെയല്ലേ നടത്തുന്നത് എന്നാണ് നാട്ടുകാരുടെ പരാതി. ഇന്നത്തെ സർവ്വേയും അളന്ന് തിട്ടപ്പെടുത്തി കടലാസിൽ രേഖപ്പെടുത്തി സൂക്ഷിക്കാൻ മാത്രമാണെന്ന് നാട്ടുകാർ ആരോപിച്ചു. ചേലേരി മുക്കിലെ ഗതാഗതക്കുരുക്കിന് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചുള്ള ശാശ്വത പരിഹാരം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും കടലാസിൽ ഒതുങ്ങുമോ?

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.