അല്‍ഹുദ ഇഖ്‌റ-18 ഖുര്‍ആന്‍ പാരായണ മത്സരം നാളെ തുടങ്ങും

കണ്ണൂര്‍: ഖുര്‍ആന്‍ മന:പാഠമാക്കിയ പ്രതിഭകള്‍ മാറ്റുരക്കുന്ന അല്‍ഹുദ ഇഖ്‌റ-18 പാരായണ മത്സരത്തിന് നാളെ മുതല്‍ മൂന്ന് നാള്‍ കണ്ണൂരിലെ പുതിയങ്ങാടി വേദിയാകും. അല്‍ഹുദ പുതിയവളപ്പും ഖിളര്‍ ജുമാ മസ്ജിദ് യു.എ.ഇ ഘടകവും ചേര്‍ന്നാണ് വിവിധ ജില്ലകളിലെ 210 പേര്‍ പങ്കെടുക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നത്.  പുതിയങ്ങാടി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അബൂദാബി ഘടകത്തിന്റെ സഹകരണത്തോടെ നടക്കുന്ന സംസ്ഥാന തല മത്സരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് ഇസ്സത്തുല്‍ ഇസ്‌ലാം എജുക്കേഷണല്‍ കോംപ്ലക്‌സില്‍ ഹാഷിം അല്‍ ഹദ്ദാദ് തങ്ങള്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ നൂറോളം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജുകളില്‍ നിന്ന് നേരത്തെ രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നല്‍കും. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.  ഫൈനലില്‍ എത്തുന്ന ഏഴ് സ്ഥാനക്കാര്‍ക്ക് പതിനായിരം രൂപയും സമ്മാനമായി നല്‍കും. ആകെ എട്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കുക. ഇന്ത്യയില്‍ ഇന്നേവരെ നടന്ന ഖുര്‍ആന്‍ ഹിഫ്‌ള് മത്സരങ്ങളില്‍ നല്‍കിയതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനതുകയാണിതെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് വേദികളിലായി നടക്കുന്ന ആദ്യ ദിനത്തിലെപ്രാഥമിക തല മത്സരത്തിലും രണ്ടാംദിവസം 40 പേര്‍ പങ്കെടുക്കുന്ന സെമി ഫൈനലിലും വിജയികളാകുന്ന 10 പേരാണ് ഫൈനലില്‍ മാറ്റുരക്കുക. 29ന് രാവിലെ ഒന്‍പത് മുതലാണ് ഫൈനല്‍ മത്സരം.  28ന് വൈകുന്നേരം ഏഴ് മണിക്ക് പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി ഖുര്‍ആന്‍ സന്ദേശ പ്രഭാഷണം നടത്തും. 29ന് വൈകുന്നേരം മൂന്നിന് ആദരം പരിപാടി നടക്കും. അബ്ദുസമദ് സമദാനി, സുലൈമാന്‍ മേല്‍പത്തൂര്‍ പങ്കെടുക്കും. ഏഴ് മണിക്ക് സമാപന സമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. കോഴിക്കോട് വലിയ ഖാസി നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വി.കെ ഹംസ അബ്ബാസ്, ഡോ.യൂസഫ് നദ് വി ഡോ.ഹുസൈന്‍ സഖാഫി്, പാണക്കാട് സിദ്ദീഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.കെ.എം മാടായി, എ.വി അബ്ദുല്‍ നാസര്‍, കെ.മുസ്തഫ ഹാജി, മുഹമ്മദ് ഹസീബ്, കെ.മുസ്തഫ എന്നിവരും പങ്കെടുത്തു..

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.