കണ്ണൂര്‍ വിമാനത്താവളം ആദ്യ സർവ്വീസിന് ഒരുങ്ങി; എയര്‍ഇന്ത്യാ എക്‌സ്പ്രസ് ബുക്കിങ് 31 മുതല്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യസര്‍വിസ് നടത്തുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാന ടിക്കറ്റ് ബുക്കിങ്

ഈമാസം 31നു തുടങ്ങിയേക്കും. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്ന ഡിസംബര്‍ ഒന്‍പതിനു എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം മാത്രമാണു കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്തുക. കണ്ണൂരില്‍ നിന്നു രാവിലെ 11ന് അബുദാബിയിലേക്കാണ് എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ആദ്യ സര്‍വിസ്. ഷാര്‍ജയില്‍ നിന്നാണ് എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ആദ്യവിമാനം യാത്രക്കാരുമായി ഒന്‍പതിനു രാത്രി എട്ടിന് കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുക. കണ്ണൂരില്‍ നിന്നു പുറപ്പെടുന്നതും എത്തുന്നതുമായ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങാണു 31ന് ആരംഭിക്കുക. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിയോടെയാണു വിമാനടിക്കറ്റ് ബുക്കിങ് തുടങ്ങുന്നതെന്ന് എയര്‍ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂരില്‍ നിന്ന് അബുദാബി, മസ്‌ക്കറ്റ്, റിയാദ്, ദോഹ, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ രാജ്യാന്തര സര്‍വിസ്. ദിവസവും നാലു രാജ്യാന്തര സര്‍വിസ് ഉണ്ടാകും. കണ്ണൂരില്‍ നിന്ന് ആദ്യഘട്ടം സര്‍വിസ് നടത്തുമെന്നു പ്രഖ്യാപിച്ച സ്വകാര്യ വിമാനക്കമ്പനികള്‍ ഉദ്ഘാട ദിവസം സര്‍വിസ് നടത്തില്ല. ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളാണു കണ്ണൂരില്‍ നിന്നു ആദ്യഘട്ടം സര്‍വിസ് നടത്താന്‍ കിയാലുമായി ധാരണയിലെത്തിയിരുന്നത്. എന്നാല്‍ ഇവര്‍ കരട് ഷെഡ്യൂള്‍ പുറത്തിറക്കിയിട്ടില്ല. കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയില്‍ ഹിന്‍ഡന്‍, ചെന്നൈ, ബംഗളൂരു, ഹൂബ്ലി, ഗോവ, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലേക്കും കണ്ണൂരില്‍ നിന്നു ആദ്യഘട്ടം ആഭ്യന്തര വിമാന സര്‍വിസ് ഉണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: