സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുന്നു.

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെയാണ് കോഴി വില വര്‍ധിച്ചത്. കോഴിയിറച്ചിയുടെ വില കിലോയ്ക്ക് 190 മുതല്‍ 210 രൂപ വരെയായി ഉയര്‍ന്നിരുന്നു. ഇതു കോഴിയായി വാങ്ങിയാല്‍ 140 മുതല്‍ 150 രൂപ വരെയും. സമീപകാലത്തുണ്ടായ വലിയ വര്‍ധനയാണിത്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള കോഴി വരവ് നിലച്ചതാണ് വില ഉയരാനുള്ള മുഖ്യകാരണം. സംസ്ഥാനത്തെ കോഴി ഫാമുകള്‍ പ്രളയത്തില്‍ തകര്‍ന്നതും തിരിച്ചടിയായി. സംസ്ഥാനത്തെ കോഴിഫാമുകളില്‍ പ്രളയം വരുത്തിയ നഷ്ടം 500 കോടി രൂപയുടേതാണ്.  തമിഴ്നാട്ടിലും കോഴിയ്ക്കു ക്ഷാമമാണ്. നിലവില്‍ , കേരളത്തിലേക്ക് കോഴി വരുന്നത് ആന്ധ്രയില്‍ നിന്നാണ്. രണ്ടാഴ്ച വരെ വിലവര്‍ധന തുടരുമെന്നാണ് കോഴി വ്യാപാരി സംഘടനകള്‍ പറയുന്നത്.

അതേസമയം, ഒക്ടോബര്‍, നവംബര്‍ വിവാഹങ്ങളുടെ സീസണ്‍ കൂടിയായതിനാല്‍ കോഴിയിറച്ചിയുടെ വില കൂട്ടുന്നതായും ആക്ഷേപമുണ്ട്. പ്രതിദിനം തമിഴ്നാട്ടില്‍ നിന്ന് 150 ലോഡ് കോഴികളാണ് വന്നിരുന്നത്. നിലവില്‍, ഇതിന്റെ പകുതിയാണ് ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത്. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ വില കുറയുമെന്ന പ്രതീക്ഷയിലാണ് കോഴി വ്യാപാരികളുടെ പ്രതീക്ഷ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: