വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു; മുല്ലപ്പള്ളിയുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പ്രഖ്യാപനം വൈകുന്നത് വെളിവാക്കുന്നത്. ഇന്ന് 11 മണിക്ക് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ഇന്നലെ അറിയിച്ചത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനം റദ്ദാക്കി. പകരം പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല വാര്‍ത്താ സമ്മേളനം നടത്തുകയും വയനാട് മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനം പറയേണ്ടതെന്ന് ആവര്‍ത്തിക്കുകയുമാണ്‌ ചെയ്തത്.

നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് ചെന്നിത്തല പറയുന്നത്. കെപിസിസി ആവശ്യം ഉന്നയിക്കുകയാണ് ചെയ്തതെന്നും അന്തിമ തീരുമാനം രാഹുലിന്റേതാണെന്ന് ഉമ്മന്‍ചാണ്ടിയും പറയുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന ആവശ്യം കെപിസിസിയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലെത്തി ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നത് തെറ്റായ സന്ദേശം രാജ്യത്താകെ നല്‍കുമെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഈ വാദവും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ഉണ്ടായ വിവാദവുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ തീരുമാനം വൈകിക്കുന്നത്.
മുഖ്യശത്രു ആരാണെന്ന് സിപിഐഎമ്മിന് അറിയില്ലെന്നാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനുള്ള ചെന്നിത്തലയുടെ മറുപടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ 20 സീറ്റും യുഡിഎഫ് തൂത്തുവാരുമെന്ന സിപിഐഎമ്മിന്റെ ആശങ്കയാണ് പുറത്തുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധി തെക്കേ ഇന്ത്യയില്‍ മല്‍സരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: