2 ദിവസം കൊണ്ട് മാഞ്ഞു പോകുന്ന അത്ഭുത ബില്ല്; കെ എസ് ഇ ബിയുടെ ഡിജിറ്റല്‍ ബില്ലിംഗ് സംവിധാനം ജനങ്ങള്‍ക്ക് തലവേദനയാകുന്നു.
കണ്ണൂര്‍ : കെ എസ് ഇ ബിയുടെ ഡിജിറ്റല്‍ ബില്ലിംഗ് സംവിധാനം ജനങ്ങള്‍ക്ക് തലവേദനയാകുന്നു. ചെറിയ സൈസിലുളള തെളിയാത്ത ബില്ലുകളാണ് മീറ്റര്‍ റീഡിംഗിന് ശേഷം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇത് പലപ്പോഴും വായിക്കാന്‍ പോലും പറ്റാറില്ല. പ്രായമായവര്‍ക്കാണ് ഇത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ എത്ര യൂണിറ്റ് ഉപയോഗിച്ചെന്നോ എത്ര പൈസയാണ് അടക്കേണ്ടതെന്നോ അറിയാതെ ഉപഭോക്താക്കള്‍ കഷ്ടപ്പെടുകയാണ്. മാത്രമല്ല ഒന്നോ രണ്ടോ ദിവസം കയ്യില്‍ വെക്കുമ്പോള്‍ ബില്ല് പൂര്‍ണമായും മാഞ്ഞ് വെളുത്ത കടലാസ് തുണ്ട് മാത്രമായി മാറും. ഇതുമായി കറന്റ് ബില്ലടയ്ക്കാന്‍ കെ എസ് ഇബി ഓഫീസില്‍ ചെന്നാലുളള സ്ഥിതി പാമ്പ് കടിച്ചവന്റെ തലയില്‍ ഇടിവെട്ടി എന്ന് പറഞ്ഞത് പോലെയാണ്. ബില്ലടച്ചാല്‍ ഇവിടെ നിന്നും കിട്ടുന്ന രസീതിലും മഷി പതിയുന്നില്ല. ഇത് പലപ്പോഴും ഓഫീസിലുളളവരെയും ഉപഭോക്താക്കളെയും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കുന്നു. ഡോട്ട് മെട്രിക്ക് പ്രിന്റാണ് ഇലക്ട്രിസിറ്റി ഓഫീസില്‍ ബില്ലിംഗിനായി ഉപയോഗിക്കുന്നത്. ഇതിന്റെ റിബണ്‍ മാറ്റിയാല്‍ തീര്‍ക്കാവുന്ന പ്രശ്നം മാത്രമാണിത്.
കഴിഞ്ഞ ദിവസം ബര്‍ണശ്ശേരിയിലെ കെഎസ് ഇ ബി ഓഫീസില്‍ ബില്ലടക്കാന്‍ ചെന്ന യുവാവിന് തീരെ പതിയാത്ത രസീത് നല്‍കിയത് ചോദ്യം ചെയതപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് കൗണ്ടറില്‍ നിന്ന് ലഭിച്ചത്. താങ്കള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി ബില്ലടച്ചാല്‍ മതിയെന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍ ഓണ്‍ലൈന്‍ അക്കൗണ്ടില്ലാത്തവര്‍ എങ്ങിനെ പണമടക്കുമെന്നാണ് യുവാവിന്റെ മറുചോദ്യം.
ഡിജിറ്റല്‍ സംവിധാനം വരുന്നതിന് മുമ്പുളള ബില്ലുകള്‍ക്കും രസീതുകള്‍ക്കും വളരെ വ്യക്തതയുണ്ടായിരുന്നു. ഇത് പ്രായമായവര്‍ക്ക് പോലും ഏറെ ഉപകാരപ്പെട്ടിരുന്നു. കുരുടന് ആനയെ കണ്ടത് പോലുളള കെ എസ് ഇബിയുടെ ഇപ്പോഴത്തെ ബില്ലിംഗ് സംവിധാനത്തോട് യോജിച്ച് പോകാനാവില്ലെന്നാണ് പൊതുജനാഭിപ്രായം