കണ്ണൂരിൽ കഞ്ചാവ് വില്‍പ്പന സംഘങ്ങളെക്കുറിച്ച് പോലീസിനും എക്സൈസിനും വിവരം നല്‍കിയ വ്യക്തിയെ പത്തംഗസംഘം ആക്രമിച്ചു

കഞ്ചാവ് വില്‍പ്പന സംഘങ്ങളെക്കുറിച്ച് പോലീസിനും എക്സൈസിനും വിവരം നല്‍കിയ വ്യക്തിയെ പത്തംഗസംഘം ആക്രമിച്ചു പരിക്കല്‍പ്പിച്ചു. കണ്ണൂര്‍

കൊറ്റാളിയിലെ കച്ചവടക്കാരന്‍ രാജീവനെയാണ് ഇന്നലെ രാത്രി 9.30 ന് മരക്കഷണവും മറ്റുംകൊണ്ട് ആക്രമിച്ചത്. തലക്കും ശരീരത്തിലും സാരമായി പരിക്കേറ്റ രാജീവനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കഴിഞ്ഞ ഏതാനും മാസക്കാലമായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ അടിക്കടി എക്സൈസിന്റെയും പോലീസിന്റെയും നീക്കങ്ങളില്‍ പിടിയിലായിട്ടുണ്ട്.
വിവരം നല്‍കുന്ന ഇന്‍ഫോര്‍മര്‍മാരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ തുടര്‍ച്ചയായി കഞ്ചാവ് കടത്തുകാരും വില്‍പ്പനക്കാരും പിടിയിലാകുന്നതില്‍ കഞ്ചാവ് ലോബി വിറളിപൂണ്ടിരിക്കുകയാണ്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പത്തംഗസംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. കൊറ്റാളിയിലെ ശ്രീരാഗ് (21), മിഥുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെയും 8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. യുവാക്കളുടെ വന്‍ നിരതന്നെ കഞ്ചാവ് ഉപയോഗത്തിലേക്കും മാഫിയയുടെ കാരിയര്‍മാരുമായി മാറുന്നത് അടിക്കടി വാര്‍ത്തയാകുകയാണ്. വധശ്രമത്തിനാണ് അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. അക്രമി സംഘത്തിലെ മറ്റ് എട്ടുപേരെയും താമസിയാതെ പിടികൂടുമെന്ന് ടൗണ്‍പോലീസ് പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.