പിണറായി കൂട്ടക്കൊലയുടെ ചുരുളഴിക്കാന് ക്രൈംബ്രാഞ്ച്

കണ്ണൂര്: പിണറായിയില് ഒരു കുടുംബത്തിലെ മൂന്നുപേര് ദുരൂഹ സാഹചര്യത്തില് മരിച്ച

സംഭവത്തിന്റെ ചുരുളഴിക്കാനുള്ള വലിയ ദൗത്യമാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്. പടന്നക്കരയിലെ വണ്ണത്താന് വീട്ടില് കുഞ്ഞിക്കണ്ണന് (80), ഭാര്യ കമല (65), ഒന്പത് വയസുകാരി ചെറുമകള് എന്നിവര് മൂന്ന് മാസത്തിനുള്ളില് കൊല്ലപ്പെട്ട സംഭവമാണ് ക്രൈംബ്രാഞ്ചിന് മുന്നിലെത്തിയിരിക്കുന്നത്. കേസില് തലശേരി പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചിരുന്നു. കുഞ്ഞിക്കണ്ണന്റെ മകള് സൗമ്യയാണ് (28) മൂന്ന് കൊലപാതകങ്ങളും നടത്തിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്. കഴിഞ്ഞ ആഗസ്റ്റ് 27ന് ജയിലില് സൗമ്യ ആത്മഹത്യ ചെയ്തതോടെ സംഭവത്തില് കൂടുതല് ദുരൂഹത ഉയരുകയായിരുന്നു.
ഇതാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന് കാരണമായത്.
2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകള് ഛര്ദ്ദിയും വയറില് അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയില് മരിച്ചത്. ഇതിന് ശേഷം മാര്ച്ചില് അമ്മ കമലയും ഏപ്രിലില് പിതാവ് കുഞ്ഞിക്കണ്ണനും സമാന അസുഖങ്ങളെ തുടര്ന്ന് മരിച്ചു. ഒരു വീട്ടില് തുടര്ച്ചയായുണ്ടായ മരണങ്ങള് ദുരൂഹതയ്ക്കിടയാക്കി. എന്നാല് വീട്ടുകിണറിലെ വെള്ളത്തില് വിഷാംശമുണ്ടെന്നായിരുന്നു സൗമ്യ നാട്ടുകാര്ക്കിടയില് പ്രചരിപ്പിച്ചത്. എന്നാല്, പൊലീസ് നടത്തിയ അന്വേഷണത്തില് കൊലപാതകങ്ങളാണെന്ന് കണ്ടെത്തി.
എന്നാല് സൗമ്യയുമായി ബന്ധമുള്ള ചിലര്ക്ക് കൊലപാതകത്തില് പങ്കുള്ളതായ ആരോപണം പൊലീസ് അന്വേഷണത്തില് തള്ളിയിരുന്നു. സൗമ്യയുടെ ഫോണ് കോളുകളെ കുറിച്ചും ഇവരുമായി ബന്ധമുണ്ടായിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മകളുടെ മരണശേഷം ഒരു യുവാവിനെ ഫോണില് ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണങ്ങളുണ്ടായി. ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ലോക്കല് പൊലീസ്, താന് മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്ന സൗമ്യയുടെ മൊഴി ശരിവച്ച് കുറ്റപത്രം തയ്യാറാക്കിയത്. ജയിലില് മരിക്കുന്നതിന് മുമ്ബ് സൗമ്യയെഴുതിയ കുറിപ്പുകളില് മറ്റാരെയോ കുറിച്ച് പറയുന്നുവെന്ന വിവരങ്ങള് അതിനിടെ പുറത്തുവന്നു.
മകളെ അഭിസംബോധന ചെയ്തായിരുന്നു സൗമ്യയുടെ കുറിപ്പ്. അതില് ‘കൊലപാതകത്തില് പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും, ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും. ‘ എന്നു പറയുന്നത് ചൂണ്ടിക്കാട്ടി ബന്ധുക്കളും കര്മ്മസമിതി ഭാരവാഹികളും രംഗത്തുവരികയായിരുന്നു.
എന്നാല് സൗമ്യ ജയിലില് ആത്മഹത്യ ചെയ്തതോടെ അന്വേഷണം അവസാനിച്ചു എന്ന ഘട്ടത്തില് നില്ക്കുമ്ബോഴാണ് കഴിഞ്ഞമാസം കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പിയുടെ ഉത്തരവുണ്ടായത്. കേസ് ഫയല് ക്രൈംബ്രാഞ്ചിന് മുന്നില് എത്തിക്കഴിഞ്ഞു. ഡിവൈ.എസ്.പി യു.പ്രേമനാണ് അന്വേഷണ ചുമതല. കേസ് ഫയല് പഠിക്കുകയാണെന്നും വൈകാതെ അന്വേഷണം തുടങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: