നഗരം കീഴടക്കി കന്നുകാലികൾ

Kannur

തളിപ്പറമ്പ്: നഗരം കീഴടക്കുന്ന കന്നുകാലികളെ നിയന്ത്രിക്കാനാവാതെ അധികൃതർ.ഗതാഗത കുരുക്ക് വർധിച്ച് വരുന്ന തളിപ്പറമ്പിൽ കന്നുകാലികൾ നാൾക്കുനാൾ വർധിച്ച് വരുന്നത് യാത്രക്കാർക്കും ദുരിതമാവുകയാണ്. ഉടമസ്ഥരില്ലാത്ത കന്നുകാലികളല്ല തളിപ്പറമ്പിന് ശല്യമാകുന്നതെന്നതാണ് ഏറെ കൗതുകരം. പതിനായിരങ്ങൾ വിലമതിക്കുന്ന നല്ലയിനം കന്നുകാലികളാണ് രാവിലെ മുതൽ വൈകിട്ട് വരെ നഗരത്തിൽ അലഞ്ഞു നടക്കുന്നത്. രാത്രി കാലങ്ങളിലും ഇവയിൽ പലതും നഗരത്തിൽ തന്നെ തമ്പടിക്കുമെങ്കിലും വൈകിട്ട് കൃത്യമായി ഉടമസ്ഥരുടെ വീടുകളിലേക്ക് ഇവ തിരിച്ച് പോവുകയും ചെയ്യും. എന്നാൽ അപകടങ്ങളിൽ പെട്ട് ഇവ വീണാൽ ആരും തിരിഞ്ഞ് നോക്കാറുമില്ല. ദേശീയ പാതയിൽ ഇവ കൂട്ടമായി നിൽക്കുന്നത് ഒട്ടേറെ അപകടങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. കാർഷിക മേഖലകളിലും ഇവ വൻ നാശം വരുത്തുന്നുണ്ട്. നഗരത്തിന് സമീപത്തുള്ള കൂവോട്, കീഴാറ്റൂർ മേഖലകളിലും കാഞ്ഞിരങ്ങാട് ഭാഗത്തും രാവിലെ റോഡിലൂടെ ഇവ കൃത്യമായി വരുന്നതും വൈകിട്ട് തിരിച്ച് പോകുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഇവയെ പിടിച്ചുക്കെട്ടി ലേലം ചെയ്തു വിൽക്കുന്ന നടപടികൾ ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് നഗരസഭ അധികൃതർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.