പരിശോധനയ്ക്കായി ബസ് തടഞ്ഞു ; യാത്രക്കാരുടെ പ്രതിഷേധം

മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കായി ബെംഗളൂരുവിലേക്കുള്ള അന്തർസംസ്ഥാന ബസ് ഏറെ നേരം തടഞ്ഞിട്ടത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. അശോക ട്രാവൽസിന്റെ ബസാണ് ഫോർട്ട് റോഡിൽ മോട്ടർ വാഹന വകുപ്പിന്റെ സ്പെഷൽ സ്ക്വാഡ് പരിശോധനയ്ക്കായി തടഞ്ഞിട്ടത്. 9.10ന് പുറപ്പെടേണ്ടിരുന്ന ബസ് ഒടുവിൽ 10.20ഓടെയാണ് യാത്ര തിരിച്ചത്.അധികൃതരുടെ നടപടിക്കെതിരെ യാത്രക്കാർ സംഘടിച്ച് പ്രതിഷേധിച്ചത് സംഘർഷാവസ്ഥയ്ക്കിടയാക്കി.പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കോൺട്രാക്ട് കാര്യേജ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ അനധികൃത ട്രിപ്പ് വ്യാപകമാണെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷൽ സ്ക്വാഡ് രാത്രികാല പരിശോധന കർശനമാക്കിയിരുന്നു.സർവീസ് ആരംഭിക്കുന്ന കേന്ദ്രത്തിൽ നിന്നും പരിശോധന നടത്താനാണ് നിർദേശം. കണ്ണൂരിൽ ഫോർട്ട് റോഡ്,കാൽടെക്സ് എന്നിവിടങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് രാത്രികാല പരിശോധന നടത്തുന്നത്.കോൺട്രാക്ട് ബസുകളിൽ നിന്നും 5000 രൂപ വീതമായിരുന്നു പിഴ ഈടാക്കുന്നത്. എന്നാൽ, അന്തർസംസ്ഥാന യാത്രായിനത്തിൽ മൂന്നു മാസം തോറും ഒന്നേകാൽ ലക്ഷത്തോളം രൂപ നികുതി ഒടുക്കി മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നതെന്നും ബെംഗളൂരുവിലേക്കുള്ള ഓരോ യാത്രയ്ക്കും 5000 വീതം പിഴയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബസ് ഉടമകൾ പറയുന്നു.