കണ്ണൂരുൾപ്പെടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണ്; സിബിഐ

 ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തുണ്ടായിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സി.ബി.ഐ നിലപാട് അറിയിച്ചത്.

എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

രാഷ്ട്രീയ കൊലക്കേസുകളില്‍ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണം. 30നകം ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏത് ഘട്ടത്തില്‍ വേണമെങ്കിലും അന്വേഷണത്തിന് സി.ബി.ഐയ്ക്ക് കോടതിയുടെ അനുമതിയുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.