തളിപ്പറമ്പ നഗരമധ്യത്തിലെ മുലയൂട്ടല്‍ കേന്ദ്രം 2 വർഷമായിട്ടും തുറന്നില്ല
തളിപ്പറമ്പ് : മുലയൂട്ടല്‍ കേന്ദ്രത്തിനു വേണ്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങിലെ മുറി ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്.കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ആഗസ്റ്റ് 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ നഗരഹൃദയത്തില്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ ടൗണ്സ്ക്വയറിനോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുലയൂട്ടല്‍ കേന്ദ്രം അടഞ്ഞു തന്നെ കിടക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമുയരുകയാണ്.
മുലയൂട്ടത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു പ്രചരണം നടത്തുന്ന നഗരസഭ മുലയൂട്ടല്‍ കേന്ദ്രം തുറന്നു കൊടുക്കാന്‍ തയ്യാറാകാത്തതിലെ വൈരുദ്ധ്യമാണ് ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്.
ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന തളിപ്പറമ്പ് ബസ്റ്റാന്‍ഡില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുളള സൗകര്യം ഇല്ലാത്ത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഇലക്ട്രിക്കല്‍ വര്‍ക്കും ഫ്ലോറിങ്ങും പെയിന്റിങ്ങും പൂര്‍ത്തിയായെങ്കിലും ഫര്‍ണ്ണിച്ചര്‍ ഇല്ലായെന്ന കാരണം പറഞ്ഞാണ് കേന്ദ്രം തുറക്കുന്നത് വൈകിപ്പിക്കുന്നത്.
ഫര്‍ണ്ണിച്ചറുകള്‍ വാങ്ങാന്‍ സ്പോണ്‍സര്‍മാരെ ലഭിച്ചില്ലായെന്നാണ് നഗരസഭയില്‍ നിന്നുളള വിവരം. നിരവധി സാമുഹ്യ സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പില്‍ ഇത്തരം പ്രാധാന്യമുളള വിഷയത്തില്‍ സഹായിക്കാന്‍ ആരും തയ്യാരാകുന്നില്ല എന്നു പറയുന്നത് വിശ്വസനീയമല്ലെന്നും മുലയൂട്ടല്‍ കേന്ദ്രം തുറന്നു കൊടുക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.