പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

പൗരത്വ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും പ്രയാസമില്ലാതെ ബില്‍ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, ബില്ലിനെതിനെതിരായി പരമാവധി വോട്ട് ശേഖരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇരു പാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ്പു നല്‍കിയിട്ടുണ്ട്.

ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയാണ് രാജ്യസഭയില്‍ പൗരത്വ ബില്ലിന്മേല്‍ ചര്‍ച്ച നടക്കുക. നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. 120 പേരുടെ പിന്തുണയാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. ബി.ജെ.പിയുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളില്‍ നിന്നായി 22 പേരുടെ പിന്തുണ കൂടി തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്.

അതിനിടെ, ബില്ലിനെ പിന്തുണക്കുന്നതില്‍ നിന്ന് ജെഡിയുവിനെ പിന്‍മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ചതിനെതിരെ പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആറ് അംഗങ്ങളാണ് രാജ്യസഭയില്‍ ജെഡിയുവിനുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: