രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍റെ ഭാര്യയ്ക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി നിയമനം

മട്ടന്നൂര്‍: രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍റെ ഭാര്യയ്ക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി നിയമനം. മട്ടന്നൂര്‍ കൊടോളിപ്രത്തെ സി. രതീഷിന്‍റെ ഭാര്യ കുറ്റ്യാട്ടൂര്‍ പൊറോളത്തെ ശ്രീനിലയത്തില്‍ ജ്യോതികൃഷ്ണകുമാറിനെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി നിയമിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. ഭര്‍ത്താവ് മരിച്ചു രണ്ടരവര്‍ഷം തികയാനിരിക്കെയാണ് നിയമനം ലഭിച്ചത്. ആശ്രിതനിയമനത്തിനായി പിഞ്ചുകുഞ്ഞുമായി സര്‍ക്കാര്‍ ഓഫീസുകള്‍തോറും കയറുന്നതിനിടെയാണ് ജോലി ലഭിച്ചുവെന്ന വാര്‍ത്ത ജ്യോതിയെ തേടിയെത്തിയത്. 2016 ഡിസംബര്‍ 17 നാണ് ശ്രീനഗറിലെ താംബോറില്‍ ഭീകരരുടെ വെടിയേറ്റ് രതീഷ് വീരമൃത്യു വരിച്ചത്. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന രതീഷ് വീരമൃത്യു വരിക്കുമ്ബോള്‍ മകന്‍ കാശിനാഥന് ആറുമാസമായിരുന്നു പ്രായം. വിമുക്തഭടന്‍മാരുടെ സംഘടനയായ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രതീഷിന്‍റെ കുടുംബത്തിന് ജോലി ലഭ്യമാക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടുവര്‍ഷം മുന്പ് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ തിരുവനന്തപുരം സൈനിക ക്ഷേമ ഡയറക്ടറേറ്റിലേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനും ഒരു മറുപടിയും ലഭിച്ചില്ല. ജോലി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍, ജില്ലാ കളക്‌ടര്‍, എംപി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് മന്ത്രിസഭായോഗം രതീഷിന്‍റെ ഭാര്യയ്ക്ക് ജോലിനല്‍കാന്‍ തീരുമാനിച്ചത്. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മന്ത്രിമാരോടും ജനപ്രതിനിധികളോടും നന്ദി അറിയിക്കുന്നതായും ജ്യോതി പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.