നെൽകർഷകരെ സംബന്ധിച്ച വിവരശേഖരണം ആരംഭിച്ചു

ജില്ലയിലെ മുഴുവൻ കർഷകരേയും സംബന്ധിച്ച സമഗ്ര വിവരശേഖരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു. ആദ്യഘട്ട സർവ്വേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീത ടീച്ചർ നിർവ്വഹിച്ചു. പഞ്ചായത്തിലെ മുതിർന്ന കർഷകനായ കൃഷ്ണനിൽ നിന്നും വിവരം ശേഖരിച്ച് കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സർവ്വേയുടെ ആദ്യഘട്ടത്തിനായി അഞ്ചരക്കണ്ടി പഞ്ചായത്തിനെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് സീത ടീച്ചർ പറഞ്ഞു. നെൽകൃഷി ധാരാളമായി ചെയ്ത് വന്നിരുന്ന ഒരു ഭൂതകാലം പഞ്ചായത്തിന് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് നെൽകൃഷി കുറഞ്ഞ് വരികയാണെന്നും പ്രസിഡണ്ട് പറഞ്ഞു. ഏതൊരു സർവ്വേയുടേയും വിജയം കൃത്യമായ വിവരങ്ങളാണെന്നും അതുകൊണ്ട് തന്നെ സർവ്വേയുമായി ബന്ധപ്പെട്ട് നെൽകർഷകരെ സമീപിക്കുന്ന സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്നും ശ്രീമതി സീത ടീച്ചർ അഭ്യർത്ഥിച്ചു. അഞ്ചരക്കണ്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. അഞ്ചരക്കണ്ടി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീമതി സിനി പി കെ, കൃഷി അസിസ്റ്റന്റ് സുധീഷ്, അഡീഷണൽ ജില്ലാ ഓഫീസർ ശ്രീ.പ്രേമൻ സി ടി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ശ്രീ മനോജ് ബാബു എം ടി, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർമാരായ ശ്രീ അജയകുമാർ വാളാങ്കി, ശ്രീ സുധീർ സി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജില്ലാ ഓഫീസർ ശ്രീ. രാജീവൻ എൻ കെ നന്ദിയും ഡെപ്യൂട്ടി ഡയരക്ടർ ശ്രീ ജി.എസ് രജത്ത് സ്വാഗതവും പറഞ്ഞു. ഈ സർവ്വേയുടെ റിപ്പോർട്ട് പുറത്ത് വരുന്ന മുറയ്ക്ക് നെൽകൃഷിയുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോവൻ കഴിയുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാവുന്ന തരത്തിൽ നടത്താൻ അഞ്ചരക്കണ്ടി പഞ്ചായത്തിന് സാധിക്കട്ടെയെന്നും ഡെപ്യൂട്ടി ഡയരക്ടർ ശ്രീ.ജി.എസ് രജത്ത് ആശംസിച്ചു.